രാജയോഗ ധ്യാനം

മെഡിറ്റേഷനെക്കുറിച്ച് ഒരു ആമുഖം

നിങ്ങൾ നിങ്ങളിൽ തന്നെ നിലനിൽക്കുന്ന അവസ്ഥയാണ് ധ്യാനം. അല്ലെങ്കിൽ നിങ്ങളെ ഈശ്വരനുമായി താദാത്മ്യം പ്രാപിപ്പിക്കുവാൻ ശേഷിയുള്ള ഉയർന്ന ചിന്തകളിൽ മുഴുകുകയാണ് ധ്യാനം.

ഓർമ്മിക്കുക-: മെഡിറ്റേഷൻ എന്നത് എല്ലാ ചിന്തകളെയും നിർത്തി നിങ്ങളുടെ മനസ്സിനെ ശൂന്യമാക്കാൻ ശ്രമിക്കലല്ല. മനസ്സിനെ ക്രിയാത്മകവും ഉന്നതവുമായ ചിന്തകളിലേക്ക് നയിക്കുന്നതിലൂടെ അതീന്ദ്രിയമായ അനുഭവത്തിലേക്ക് പ്രവേശിക്കലാണ് മെഡിറ്റേഷൻ.

നിങ്ങൾ എന്ത്ചിന്തിക്കുന്നുവോ അതുപോലെ അനുഭവം ഉണ്ടാകും. ധ്യാനത്തിന്‍റെ ആദ്യപടി വിശ്രമിക്കുക എന്നതാണ്. നിങ്ങൾ വിശ്രമിക്കേണ്ട ആവശ്യകത എന്താണ്? ധ്യാനമെന്നത് അല്പസമയം മാത്രം ചെയ്യുവാനുള്ള ഒരു ക്രിയയല്ല, അതൊരു മാനസികാവസ്ഥ നിർമ്മിക്കലാണ്. ധ്യാനം സമയത്തെ കൈകാര്യം ചെയ്യലല്ല, സമയാതീതമായ ഒരു മേഖലയിലേക്ക് പ്രവേശിക്കലാണ്. കാലാതീതമായ ഈ അവസ്ഥയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് വിശ്രമിക്കേണ്ടതുണ്ട്.

ധ്യാനത്തിൽ നിങ്ങളുടെ അദൃശ്യവും സൂക്ഷവുമായ വശങ്ങൾ, ചിന്തകൾ, വികാരങ്ങൾ, വിശ്വാസങ്ങൾ, മനോഭാവങ്ങൾ, പ്രതീക്ഷകൾ - മനുഷ്യജീവിതത്തിലെ അദൃശ്യവും സൂക്ഷ്മവുമായ എല്ലാ ഊർജ്ജവും ഏകതയിൽ എത്തുന്നു. ഈ സൂക്ഷ്മ ഊർജ്ജങ്ങളുടെ ഒഴുക്കിനെ ട്യൂൺ ചെയ്യാൻ ധ്യാനം നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ‌ സ്വസ്ഥമല്ലെങ്കിൽ‌, ഇറുക്കവും പിരിമുറുക്കവും അനുഭവപ്പെടും. ആ അവസ്ഥയിൽ, ഊർജ്ജത്തിന് പ്രവഹിക്കാൻ കഴിയില്ല, അപ്പോൾ ധ്യാനം ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ മനസ്സില്‍ പിടിച്ച് വെച്ച എല്ലാ കെട്ടുകളിൽ നിന്നും ആദ്യം മുക്തരാകണം.

പിരിമുറുക്കത്തിന്‍റെ രണ്ട് കാരണങ്ങൾ- ഭൂതകാലത്തെ ഓർമ്മിക്കുന്നതും ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്നതുമാണ്. നിങ്ങൾ മനസ്സു കൊണ്ട് ഈ നിമിഷം ഇവിടെയിരിക്കാന്‍ പരിശീലിക്കുമ്പോളാണ് ആഴത്തിലുള്ള വിശ്രമം ലഭിക്കുന്നത്. ഈ പരിശീലനത്തെ സാധാരണയായി ‘വർത്തമാന കാലത്ത്’ ഇരിക്കുക എന്ന് പറയുന്നു.

കഴിഞ്ഞു പോയതൊന്നും സാരമില്ലെന്ന് കരുതൂ. ഏതെങ്കിലും പിരിമുറുക്കമുണ്ടെങ്കില്‍ അതും മറക്കൂ. ഇന്ന് എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രതീക്ഷകൾ ഉപേക്ഷിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഉപേക്ഷിക്കുക. “ഇത് ഇങ്ങനെയായിരിക്കണം ...” എന്ന് ചിന്തിക്കാൻ പോകരുത്. സ്വയം വിശ്രമിക്കാൻ അനുവദിക്കുക. കഴിഞ്ഞതിനെ മറന്ന്...മുന്നോട്ട് പോകാന്‍ സ്വയം അനുവദിക്കുക

രാജയോഗ ധ്യാനം

ഈ കോഴ്‌സിൽ പഠിപ്പിക്കുന്ന ധ്യാനരീതിയെ രാജയോഗ ധ്യാനം എന്ന് പറയുന്നു. ബോധപൂര്‍വ്വം ചിന്തകളെ സൃഷ്ടിക്കുന്ന രീതിയാണിത്. ഇത് നിങ്ങളുടെ മനസ്സിനോട് സൗമ്യമായി സംസാരിക്കുന്നത് പോലെയാണ്. അല്ലെങ്കിൽ സ്വയം ചോദ്യങ്ങൾ ചോദിക്കുകയും തുടർന്ന് ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളെ നയിക്കുകയോ വഴി കാട്ടുകയോ ചെയ്യുമ്പോൾ, ആ വിഷയത്തിലെ സാരം നിങ്ങൾ അനുഭവിക്കാൻ തുടങ്ങും.

ഉദാ: വിഷയം സമാധാനമാണെങ്കിൽ, നിങ്ങളുടെ ചിന്തകളെ സമാധാനത്തിലേയ്ക്ക് നയിക്കുകയും അത് സമാധാനപരമായ മനോഭാവത്തിന്‍റെ അനുഭവത്തിലേക്ക് നയിക്കുകയും ചെയ്യും. പോസിറ്റീവ് അനുഭവങ്ങളിലേക്ക് നിങ്ങളെ നയിക്കാൻ ചിന്തയെ ഉപയോഗിക്കുന്ന കലയാണ് രാജയോഗ ധ്യാനം. ധ്യാനത്തിൽ കൂടുതൽ പരിചയ സമ്പന്നരാകുമ്പോൾ, നിങ്ങളുടെ ചിന്തകൾ കുറയും ഓരോ ചിന്തയും കൂടുതൽ ആഴത്തിൽ അനുഭവിക്കുകയും ചെയ്യും.

കണ്ണ് തുറന്നുള്ള ധ്യാനമാണ് രാജയോഗം ശുപാർശ ചെയ്യുന്നത്. ധ്യാനത്തിൽ നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കുന്നത് ലക്ഷ്യം കേന്ദ്രീകരിക്കാനും ഏകാഗ്രതയ്ക്കും സഹായിക്കുന്നു. കണ്ണുകൾ അടയ്ക്കുന്നതിലൂടെ ശരീരത്തിന് ഉറങ്ങാൻ സൂചന കൊടുക്കുകയും അവബോധം നഷ്ടപ്പെടാൻ നിങ്ങളുടെ മനസ്സിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ ധ്യാനത്തിന് ദോഷം ചെയ്യും. കണ്ണ് തുറന്നുള്ള ധ്യാനം പരീക്ഷിക്കുക. ക്രമേണ, ധ്യാനത്തിൽ കണ്ണുകൾ തുറക്കുകയോ പകുതി തുറക്കുകയോ ചെയ്യാന്‍ നിങ്ങൾ ശീലിക്കും

കണ്ണ് തുറന്നുള്ള ധ്യാനം ശീലമാക്കിയാൽ നിങ്ങൾ പിന്നീട് കർമ്മത്തിൽ മുഴുകിയിരിക്കുമ്പോൾ പോലും ഒരു ധ്യാന മാനസികാവസ്ഥയിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും. എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി കണ്ണുകൾ അടച്ചാൽ മാത്രമേ നിങ്ങളുടെ ധ്യാനാവസ്ഥ ലഭ്യമാകൂ എന്ന് ചിന്തിക്കുന്നതിനു പകരം, ദൈനംദിന പ്രവർത്തനത്തിലേക്ക് ധ്യാനത്തിന്‍റെ വ്യക്തതയും ശക്തിയും കൊണ്ടുവരാൻ കഴിയുന്നതെല്ലേ കൂടുതൽ നല്ലത്. നിങ്ങളുടെ തിരക്കുള്ള ജീവിതത്തിലേക്ക് സ്വാസ്ഥ്യം, ശാന്തത, ശക്തി എന്നിവ സമന്വയിപ്പിക്കുവാനും സാധിക്കും.

എത്ര സമയം ധ്യാനിക്കണം

തുടക്കത്തിൽ പത്തോ പതിനഞ്ചോ മിനുട്ട് പരിശീലിക്കുക. പിന്നീട് അനുഭവവും താല്പര്യവും വർദ്ധിക്കുന്നതിനനുസരിച്ച്, സമയം ഒരു മണിക്കൂർ വരെ നീട്ടാം. നീണ്ട ധ്യാനത്തിനായി ഇരിക്കാൻ സ്വയം സമ്മർദ്ദം ചെലുത്തേണ്ട ആവശ്യമില്ല. സമയ ദൈർഘ്യത്തിനല്ല, നിങ്ങളുടെ അനുഭവത്തിന്‍റെ ഗുണനിലവാരത്തിനാണ് പ്രാധാന്യം.

ധ്യാന പരിശീലനം പതിവായിക്കഴിഞ്ഞാൽ, ആ ഒരുമണിക്കൂർ എല്ലായ്പോഴും ആസ്വാദ്യകരവും ഊർജ്ജസ്വലവുമാണെന്നും നിങ്ങളുടെ ദിവസത്തിന്‍റെ മികച്ച ഭാഗമാണെന്നും നിങ്ങൾ കണ്ടെത്തും. നിങ്ങൾ എത്രത്തോളം ധ്യാനം പരിശീലിക്കുന്നുവോ അത്രയും നിങ്ങൾ അതിനെക്കുറിച്ച് മനസ്സിലാക്കുകയും പിന്നീട് എളുപ്പമാവുകയും ചെയ്യുന്നു. ദിവസത്തിൽ ഒരിക്കലെങ്കിലും പതിവായി ധ്യാനിക്കുന്നത് നല്ലതാണ്.

കോഴ്‌സ് തുടങ്ങുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കൂ

ഒരു ദിവസം ഒരു പാഠം മാത്രം പഠിച്ചു മുന്നോട്ടു പോകുന്ന രീതിയിലാണ് ഈ കോഴ്‌സ് സജ്ജീകരിച്ചിരിക്കുന്നത്. തുടർച്ചയായ ക്രമത്തിൽ നിങ്ങൾ പാഠങ്ങളിലൂടെ പ്രവർത്തിക്കേണ്ടതുണ്ട്. ആദ്യ പാഠം പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് രണ്ടാമത്തേതിലേക്ക് പോകാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തിരികെ പോയി മുമ്പത്തെ പാഠങ്ങളും വ്യാഖ്യാനങ്ങളും വീണ്ടും സന്ദർശിക്കാൻ കഴിയും.

ഓരോ പാഠങ്ങളിലും 5 കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതുണ്ട്. വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനം വായിക്കുക, വീഡിയോയിലുള്ള ക്ലാസ് കേൾക്കുക, വിഷയവുമായി ബന്ധപ്പെട്ട പഠനചിത്രം സൂക്ഷ്മമായി നിരീക്ഷിച്ച് മനസിലാക്കുക, ഇയർ ഫോൺ ഉപയോഗിച്ചുകൊണ്ട് മെഡിറ്റേഷൻ കമെൻ്ററി കേട്ട് പരിശീലിക്കുക, ഓരോ പാഠഭാഗങ്ങളിലും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ ഡയറിയിൽ എഴുതി സൂക്ഷിക്കുക.

ധ്യാനത്തിനുള്ള തയ്യാറെടുപ്പ്

രാവിലെ പതിവിനു മുൻപായി അൽപ്പം നേരത്തെ ഉണർന്ന് കുളിച്ച ശേഷം ഈ കോഴ്സിലെ ഓരോരോ ഭാഗങ്ങൾ പഠിക്കുന്നതാണ് ഉത്തമം.വീടിനകത്തോ പുറത്തോ താങ്കൾക്ക് എവിടെയും ധ്യാനിക്കാം. ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ശ്രദ്ധ തിരിപ്പിക്കുന്ന വല്ല വസ്തുക്കളും മുന്നിലുണ്ടെങ്കില്‍ അവ മാറ്റുന്നതാണ് നല്ലത്. ട്രാഫിക്കിന്റെ ശബ്‌ദം അല്ലെങ്കിൽ പുറത്തുള്ള ആളുകളുടെ ശബ്‌ദം ഇവയൊന്നും ചിലപ്പോൾ നീക്കം ചെയ്യാൻ കഴിയില്ല - അതിനാൽ മാറ്റാൻ കഴിയുന്നവ മാറ്റുന്നതും മാറ്റാൻ കഴിയാത്തവയെ അംഗീകരിക്കുന്നതുമാണ് നല്ലത്.എവിടെയും ധ്യാനിക്കാൻ കഴിയുമെങ്കിലും, താങ്കൾക്ക് വീട്ടിലോ ജോലിസ്ഥലത്തോ സാഹചര്യമനുസരിച്ച് ഒരു പതിവ് സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാലക്രമേണ, ആ സ്ഥലത്ത് ധ്യാനത്തിന്റെ പോസിറ്റിവ് ഊർജ്ജം നിറയാൻ തുടങ്ങുന്നു, അതിനാൽ പിന്നീട് നിങ്ങൾ ഓരോ തവണയും ആ സ്ഥലത്ത് വരുമ്പോൾ കൂടുതൽ എളുപ്പത്തിൽ ധ്യാനിക്കാൻ കഴിയും. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന എല്ലാം ആ സ്ഥലത്തു നിന്ന് എടുത്ത് മാറ്റുക. ഫോൺ കോളുകളിൽ നിന്നും മുക്തമാവുക, . നിങ്ങളെ തടസ്സപ്പെടുത്തരുതെന്ന് ഒപ്പമുള്ള ആളുകളോട് അഭ്യർത്ഥിക്കുക. ടിവി, റേഡിയോ, കമ്പ്യൂട്ടർ എന്നിവ ഓഫ് ചെയ്യുക. മങ്ങിയ ലൈറ്റിടുക, ആവശ്യമെങ്കിൽ കർട്ടനുകള്‍ ഇടുക.

ഇതൊരു ധ്യാന സ്ഥലമാണെന്ന തോന്നൽ സൃഷ്ടിക്കുന്നതിന് ചില ചിത്രങ്ങളോ വസ്തുക്കളോ വെക്കാം. പുഷ്പമോ മറ്റു സുഗന്ധ വസ്തുക്കളോ അവിടെ വെക്കാവുന്നതാണ്. താഴെയിരിക്കാൻ അല്ലെങ്കിൽ കസേരയിലോ മറ്റു പീഠങ്ങളിലോ ഇരിക്കാൻ നിങ്ങളുടെ ശാരീരിക അവസ്ഥക്കനുസരിച്ച് ഒരു മൃദുവായ ഇരിപ്പിടം സജ്ജീകരിക്കാം. അഥവാ ഓഫീസിൽ ജോലിക്കിടയിൽ ഒരു കമ്പ്യൂട്ടറിന് മുന്നിൽ നിങ്ങൾ ധ്യാനിക്കുകയാണെങ്കിൽ, സ്‌ക്രീൻ വളരെ തെളിച്ചമുള്ളതല്ലെന്നും സ്‌ക്രീൻസേവർ ഓഫാണെന്നും ഉറപ്പാക്കുക.

എപ്പോഴാണ് ധ്യാനിക്കേണ്ടത്?

ആദ്യം തുടക്കക്കാർ എപ്പോഴെല്ലാം പരിശീലിക്കരുത് എന്ന് പറയാം. വാഹനമോടിക്കുമ്പോഴോ, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോഴോ, കുട്ടികളെ പരിപാലിക്കുമ്പോഴോ അല്ലെങ്കിൽ പൂർണ്ണ ശ്രദ്ധ കൊടുക്കേണ്ട ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോഴോ തുടക്കക്കാർ ധ്യാന കമന്ററികൾ കേൾക്കരുത്.

പ്രഭാത ധ്യാനം

ധ്യാനിക്കാനുള്ള ഏറ്റവും നല്ല സമയം ഉണരുമ്പോഴും, ജോലിക്കാര്യങ്ങൾക്ക് ശേഷവും, ഉറങ്ങുന്നതിനു മുമ്പുമാണ്.ദിവസം മുഴുവനും മനോഹരവും ശക്തിശാലിയുമായ ഒരു മാനസിക സ്ഥിതി കൈവരിക്കുന്നതിനുള്ള മാർഗമാണ് അതിരാവിലെയുള്ള ധ്യാനം. ഈ സമയത്ത്, നിങ്ങൾക്ക് ആഴത്തിലുള്ള ശാന്തതയും മനസ്സിന്റെ വ്യക്തതയും സൃഷ്ടിക്കാന്‍ കഴിയും.

സായാഹ്‌ന ധ്യാനം

ഓഫീസിലോ വീട്ടിലോ നിങ്ങൾ ഒരു ദിവസത്തെ ജോലിക്കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം, സായാഹ്നത്തിലേക്ക് ശാന്തമായ ഒരു കാഴ്ചപ്പാട് കൊണ്ടുവരിക, അതായത് ജോലി നിങ്ങളുടെ ധ്യാന സമയത്തെയും കുടുംബ ജീവിതത്തെയും അലോസരമാകാതെ ഇരിക്കട്ടെ. എന്നിട്ട് സന്ധ്യ സമയത്ത് ധ്യാനം പരിശീലിക്കൂ.

കിടക്കുന്നതിന് മുൻപ്

ഉറക്കത്തിനു മുമ്പുള്ള ധ്യാനം ആഴത്തിലുള്ള സുഖനിദ്രക്ക് സഹായിക്കുന്നു, മാത്രമല്ല ദിവസത്തിന്റെു അവസാന സമയത്തുള്ള ധ്യാനം എല്ലാ സംഭവങ്ങളുടെയും വാതിലടയ്ക്കലാണ്. നിങ്ങളുടെ ഹൃദയത്തിൽനിന്നുള്ള നന്ദിയോടെ ആ ദിവസത്തിനെ സൗമ്യമായി മാറ്റിവയ്ക്കുക, അനാവശ്യ ഓർമ്മകൾ അടുത്ത ദിവസത്തേക്ക് കൊണ്ടുപോകരുത്. അതാതു ദിവസത്തെ മെഡിറ്റേഷൻ കമെന്ററികൾ എപ്പോൾ വേണമെങ്കിലും വീണ്ടും സന്ദർശിച്ചു പ്ലേ ചെയ്യാവുന്നതാണ്. അതിനാൽ ഒഴിവു ലഭിക്കുമ്പോഴെല്ലാം അത് ആവർത്തിച്ച് കേൾക്കാം.

കോഴ്‌സുമായി ബന്ധപ്പെട്ട തുടർന്നുള്ള നിർദ്ദേശങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.

Join Group

Scroll to Top