ലേഖനങ്ങൾ

എന്താണ് തെറ്റ് എന്താണ് ശരി

ശരിയും തെറ്റും ആപേക്ഷികമാണെന്നാണ് പൊതു അഭിപ്രായം. കാല ദേശങ്ങള്‍ക്കനുസരിച്ച് ശരിതെറ്റുകള്‍ക്ക് വ്യാഖ്യാനങ്ങള്‍ മാറുന്നു. കുറച്ചുകൂടി വ്യക്തിഗതമായി ചിന്തിച്ചാല്‍ എനിക്ക് നല്ലതായി തോന്നുന്നത് സംഭവിക്കുമ്പോള്‍ അതിനെ ശരിയെന്നും എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ തെറ്റെന്നും ഞാന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്നെ മാത്രം ആശ്രയിച്ചല്ലല്ലോ ശരിതെറ്റുകള്‍ നിലനില്‍ക്കുന്നത്.

വാസ്തവത്തില്‍ ശരിതെറ്റുകള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥം പറയണമെങ്കില്‍ ലോകാംഗീകാരമുള്ള പൊതുവായ ഒരാളുടെ അഭിപ്രായത്തെയോ ഏതെങ്കിലും ഒരു പൊതു നിയമസംഹിതയേയോ മദ്ധ്യസ്ഥതയില്‍ നിര്‍ത്തണം.

അത്തരത്തില്‍ ആരും, ഒന്നും നമ്മുടെ പക്കല്‍ ഇല്ലതാനും. അതിനാല്‍ മദ്ധ്യസ്ഥനായി ഈശ്വരനെ കണക്കാക്കുകയും ഈശ്വരന്‍റെ അഭിപ്രായത്തെ നിയമമായി കാണുകയും ചെയ്യുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും.

ഈശ്വരനാണ് റഫറല്‍ പോയന്‍റ ്. ഈശ്വരനെന്നാല്‍ ആരാണ് എന്നതാണ് ഇനിയുള്ള ചോദ്യം. ലോകം മുഴുവന്‍ ഈശ്വരനെ പലതരത്തില്‍ മനസിലാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ ഈ എല്ലാ വ്യത്യസ്ഥതകള്‍ക്കിടയിലും ഈശ്വരന്‍റെ സ്വഭാവം പൊതുവായി ഒരൊറ്റ തരത്തില്‍ അംഗീകരിക്കപ്പെടുന്നതാണ്. ശാന്തി, പ്രേമം, സന്തുഷ്ടത, പരിശുദ്ധി, അഹിംസ, ആനന്ദം, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളുടെ അനന്ദമായ സ്വരൂപമാണ് ദൈവമെന്ന് എല്ലാവരും പറയുന്നു. അങ്ങനെയിരിക്കെ ഈ ഗുണങ്ങളെ നമുക്കിടയില്‍ വളര്‍ത്തുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്നും ഈ ഗുണങ്ങളെ നശിപ്പിക്കുന്നതോ അല്ലെങ്കില്‍ ഇവയെ ചുഷണം ചെയ്യുന്നതോ ദുര്‍വ്യാഖ്യാനം ചെയ്യുന്നതോ ആയ എല്ലാ വാദങ്ങളും പ്രവൃത്തികളും തെറ്റാണ് എന്ന് പറയാം.

ലോകത്തിന്‍റെ പ്രവര്‍ത്തനത്തിന് ഒരു ഗതിയും താളവുമുണ്ട്. ആ താളത്തെ മനസിലാക്കുവാനും അതനുസരിച്ച് ജീവിക്കുവാനുമുള്ള കഴിവാണ് ശരിയെ മനസിലാക്കുവാന്‍ ആദ്യം ആവശ്യം. ആ താളത്തെ ഭംഗപ്പെടുത്തി ഞാന്‍ എന്‍റെ ശരിയെ സ്ഥാപിക്കുമ്പോള്‍ എന്‍റെ ഉള്ളിലോ അല്ലെങ്കില്‍ എന്നോടൊപ്പമുള്ള മറ്റുള്ള ആരുടെയെങ്കിലും ഉള്ളിലോ അസ്വസ്ഥത ആരംഭിക്കും. ഒരു നാടകത്തില്‍ ഓരോരുത്തരും അവരവരുടെ ഭാഗം നന്നായി അഭിനയിക്കുമ്പോള്‍ നാടകം പൊതുവേ സുന്ദരമാകും. എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ അഭിനയത്തെ വിലയിരുത്താനും തിരുത്താനും തുടങ്ങിയാല്‍ ആരും നാടകത്തില്‍ നല്ല അഭിനയം കാഴ്ചവെക്കില്ല. അതുപോലെ പ്രപഞ്ച താളത്തെ ഭംഗിയാക്കുവാന്‍ ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണ്. അല്ലാത്തതെല്ലാം തെറ്റും.

Scroll to Top