ലേഖനങ്ങൾ

അതിജീവനത്തിന് ആത്മീയശാസ്ത്രം

ശാസ്ത്രസാങ്കേതികവിദ്യയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി ഇന്നത്തെ തലമുറ സകലവിധ സൗകര്യങ്ങളുടേയും നടുവിലാണ് ജീവിക്കുന്നത്. ഏററവും കുടുതല്‍ സൗകര്യങ്ങള്‍ അനുഭവിച്ച തലമുറ ഏതാണെന്ന് ചോദിച്ചാല്‍ ഈ പുതുതലമുറതന്നെയാണെന്ന് ഉത്തരം കിട്ടും. എന്നാല്‍ ഏററവും കടുതല്‍ ശാന്തിയും സന്തോഷവും സമാധാനവും അനുഭവിച്ച തലമുറയേതെന്ന് ചോദിച്ചാല്‍ പുത്തന്‍ തലമുറക്കാര്‍ ഒരുപക്ഷേ ഉത്തരം മുട്ടിയേക്കും. സമസ്ഥ സൗകര്യങ്ങളുടേയും പരിപാലനകള്‍ക്കു നടുവിലും ജീവിതം അസ്വസ്ഥതകളില്‍ പിടയുന്നതെന്തുകൊണ്ട്? ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങളും അതിലുപരിയും നിറഞ്ഞു കവിഞ്ഞിട്ടും ജീവിതമൊരു ഭാരം ചുമക്കലായി തോന്നുന്നതെന്തുകൊണ്ട്? ഒരു പരിശോധന നടത്തി നോക്കുകയാണെങ്കില്‍ നമുക്ക് മനസിലാക്കുന്ന വസ്തുതയെന്തെന്നോ ………. ധനമില്ലാത്തവനും ദു:ഖിതനാണ്, ധനികനും ദു:ഖിതനാണ്, ആരോരുമില്ലാത്തവനും ദു:ഖിതനാണ്, എല്ലാവരും ഉള്ളവനും ദു:ഖിതനാണ്. ജോലിയില്ലാത്തവന്‍ അക്കാരണത്താല്‍ ദു:ഖിക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ ജോലികൊണ്ട് ദു:ഖിക്കുന്നു. വിവാഹം നടക്കാത്തവന്‍ അതുമൂലം ദു:ഖിക്കുമ്പോള്‍ വിവാഹിതര്‍ അവരുടെ പങ്കാളിയെ കൊണ്ട് ദു:ഖിക്കുന്നു. കുഞ്ഞില്ലാത്തവർ അക്കാരണത്താല്‍ ദു:ഖിക്കുന്നു, കുഞ്ഞുള്ളവര്‍ കുഞ്ഞിനെച്ചൊല്ലി ദു:ഖിക്കുന്നു. നോക്കു ഈ ദു:ഖം ഈ ആരെയും വെറുതെ വിടുന്നില്ല. എന്തുണ്ടെങ്കിലും ശരി ദു:ഖിക്കാനൊരു പുതിയ കാരണം നമ്മള്‍ കണ്ടെത്തും. ഇത് മനസുണ്ടാക്കുന്ന ഒരു വികൃതിയാണ്. വാസ്തവത്തില്‍ ജീവിതത്തില്‍ 10% മാത്രമേ ദു:ഖത്തിന് കാരണമുള്ളൂ എങ്കില്‍ പോലും ബാക്കി 90% നമ്മുടെ മനസ്സ് ഊതിവീര്‍പ്പിച്ച് ഉണ്ടാക്കി നമ്മള്‍ സ്വയം ദു:ഖത്തിലാഴുന്നു. ഈ മായജാലത്തിലാണ് ഇന്നു ജീവിതങ്ങള്‍ കുടുങ്ങിപ്പോയിരിക്കുന്നത്‌ . ഈ മനസിന്‍റെ ഈ മായക്കെണിയില്‍ നിന്ന് രക്ഷപ്പെടാനോ ഈ ദു:ഖങ്ങളെ അതിജീവിക്കുവാനോ മാര്‍ഗ്ഗമൊന്നുമില്ലേ? ഒരു മാര്‍ഗ്ഗമുണ്ട്. അതാണ് ആത്മീയത. ആത്മിയ ചിന്തകളാല്‍ മനസിനെ പോഷിപ്പിക്കുമ്പോള്‍ മനസിലെ മോഹങ്ങളും ശോകങ്ങളും ശാന്തമാകും. ജീവിതയാത്ര കുടുതല്‍ സുഗമമാകും. മഴപെയ്യുന്ന സമയത്ത് ഒഴുകുന്ന ജലം ഒരു വലിയ കുഴിയില്‍ നിറയുന്നു എന്നിരിക്കട്ടെ. ജലം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലും ആ കുഴിയിലെ ജലം കലങ്ങിമറിഞ്ഞ് ഉപയോഗ ശൂന്യമായി നിലനില്‍ക്കും. അതേസമയം മഴക്കാലത്ത് കിണറുകളില്‍ ഉറവ വര്‍ദ്ധിച്ച് കിണറുകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ മുഴുവന്‍ ജലവും ഉപയോഗ യോഗ്യമായിരിക്കും. അതുപോലെ നമ്മുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി നമ്മള്‍ ലോകത്തിലെ സര്‍വ്വ ദോഗവസ്തുക്കളേയും വാരിക്കുട്ടിവെച്ചാലും സംതൃപ്തി നമുക്ക് അന്യമായി തുടരും. നമ്മുടെ ഉള്ളില്‍ നിന്ന് സന്തോഷത്തിന്‍റെയും ശാന്തിയുടെയും ഉറവ കിനിയുമ്പോള്‍ നമ്മുടെ മനസെന്ന കിണര്‍ നിറയുകയും ജീവിതത്തില്‍ സന്തോഷം വിളയാടുകയും ചെയും.
ശാശ്വത സുഖം തേടി, നമ്മുടെ അകത്തേക്ക് ചെന്ന് തിരയുകയാണെങ്കില്‍ ആ പരിശ്രമത്തിനെ നമുക്ക് ആത്മീയത എന്നു വിളിക്കാം. ആത്മിയതയെന്നാല്‍ അവനവനിലേക്ക് തിരിക്കുക എന്നുതന്നെയാണര്‍ത്ഥം. സ്വന്തം ആത്മാവുതന്നെ പരിക്ഷണശാലയാകുമ്പോള്‍ പ്രത്യക്ഷ പ്രമാണങ്ങള്‍ നമുക്ക് ലഭിക്കും. അനുഭവങ്ങള്‍ കൊണ്ട് നമ്മള്‍ ശക്തരാകാന്‍ തുടങ്ങും. എല്ലാം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവിടെത്തന്നെയുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും അവിടെയുണ്ട്. പക്ഷേ കയ്യില്‍ രത്നം ഇരിക്കെ കാക്കപ്പൊന്നു പെറുക്കിനടക്കേണ്ട ദുര്‍വിധിയിലാണ് ഇന്ന് ജീവാത്മാക്കള്‍. സ്വാദ്ധ്യായനം അദ്യാസം എന്നി രണ്ട് കാര്യങ്ങള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ ആത്മാവിലെ മറനീങ്ങി പ്രകാശം തെളിയുന്നതാണ്. സ്വാദ്ധ്യായനമെന്നാല്‍ ആത്മാവിനെ പ്രചോദിപ്പിക്കുന്ന ജ്ഞാനം വിധിപൂര്‍വ്വം ശ്രവിക്കുകയോ പഠിക്കുകയോ ചെയ്ത് സ്വന്തം ഉദ്ധാരണം ചെയ്യുക എന്നാണര്‍ത്ഥം. അദ്യാസമെന്നാല്‍ ബോധ്യപ്പെട്ട വിഷയങ്ങളെ ജീവിതത്തില്‍ ആചരിക്കാന്‍ ശ്രമിക്കുക. ആ സമയത്ത് നേരിടേങ്ങിവരുന്ന പ്രതിസന്ധികളെ തരണം ചെയ്യുക. സാവധാനം മനസും ബുദ്ധിയും പരിപക്വാവസ്ഥയിലെത്തുകയും ലോകത്തോടുള്ള വീക്ഷണത്തില്‍ വലിയമാററം വരുകയും തദ്വാരാ സമ്പൂര്‍ണ സംത്യപതമായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും. പക്വതയെത്തിയ ഒരു വ്യക്തി കുട്ടികളുടെ കളിക്കോപ്പിനോടു കാണിക്കുന്ന നിസ്സാരമായ ഒരു മനോഭാവമുണ്ടല്ലോ…. അതുപോലെ കുറേ കുടി പക്വതയിലെത്തുമ്പോള്‍ ലോകത്തിലെ സര്‍വ്വവും കളിപോലെ അനുഭവപ്പെടും. ആ നിമിഷം മുതല്‍ ജീവിതം ഉത്സവമാകുവാന്‍ തുടങ്ങും

Scroll to Top