ലേഖനങ്ങൾ

സ്വായത്തമാക്കുവാനുള്ള ശക്തി

ആത്മാവില്‍ എന്തിനേയും സ്വായത്തമാക്കുവാനുള്ള ഒരു ശക്തി അന്തര്‍ലീനമായിരിക്കുന്നു.ഈ ശക്തിയുള്ളതിനാല്‍ നമുക്ക് ചില വിശിഷ്ടാത്മാക്കളില്‍ നിന്ന് ജ്ഞാനവും ഗുണങ്ങളും മനക്കരുത്തും ആര്‍ജ്ജിച്ചെയുക്കുവാന്‍ സാധിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ ശക്തിവിശേഷം നമ്മള്‍ ദുരുപയോഗവും ചെയ്യാറുണ്ട്. മറ്റുള്ളവരിലെ ദുര്‍ഗ്ഗുണങ്ങളെ തന്നിലേക്ക് സ്വാഗതം ചെയ്യുന്നതു മൂലം നമ്മുടെ സ്വായത്തമാക്കുവാനുള്ള ശക്തിയെ നമ്മള്‍ മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റുള്ളവരിലെ ദുര്‍ഗ്ഗുണങ്ങളെ നിരീക്ഷിക്കുകയോ അതിനെ അനുകരിക്കുകയോ അതിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്യുമ്പോള്‍ നډകളെ സ്വായത്തമാക്കുന്ന നമ്മുടെ ശേഷിയെ അത് പ്രതികൂലമായി ബാധിക്കും. ചാണകക്കുട്ടയില്‍ മധുരപലഹാരം സ്വീകരിക്കുന്നപോലെ നډകള്‍ പഠിച്ചെടുത്താലും നമുക്ക് അത് ഉപയോഗിക്കുവാന്‍ സാധ്യമല്ലാതാകും. സ്വന്തം തെറ്റുകളെ ന്യായീകരിക്കുവാന്‍ വേണ്ടി അവര്‍ എല്ലാവരും ചെയ്യുന്ന തെറ്റുകളെ തേടി കണ്ടുപിടിക്കുകയും അപരന്‍റെ തെറ്റുകളാകുന്ന മണ്ണിട്ടു മൂടി സ്വന്തം തെറ്റുകളെ മറച്ചുപിടിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും. അവര്‍ അവരില്‍ തിരുത്തല്‍ കൊണ്ടുവരാനോ ആരെയെങ്കിലും നډയുടെ പാതയിലേക്ക് കൈപിടിച്ചു നയിക്കാനോ ശ്രമിക്കുന്നതിന് പകരം സ്വന്തം തെറ്റുകുറ്റങ്ങളാകുന്ന മാലിന്യത്തെ സമൂഹത്തിലെ തിന്‍മകളുടെ ആഴുക്കുചാലിലൊഴുക്കി സമാധാനിക്കും.അതിനായി അവര്‍ എപ്പോഴും മറ്റുള്ളവരിലെ തെറ്റുകള്‍ എന്തെല്ലാമാണെന്ന് തിരഞ്ഞുകൊണ്ടിരിക്കും.കേള്‍ക്കുന്ന ജ്ഞാനത്തെ സ്വായത്തമാക്കുവാന്‍ മൂന്ന് പടവുകളുണ്ട്. ചിലര്‍ ഒന്നാമത്തെ പടവിലും ചിലര്‍ രണ്ടാമത്തെ പടവിലും സ്ഥിര താമസക്കാരായിരിക്കുകയാണ്. ചിലര്‍ മാത്രം മൂന്നു പടവുകളും കയറുന്നു.ഒന്നാമത്തെ പടി ജ്ഞാനം ശ്രവിക്കുക എന്നതാണ്. ജ്ഞാന ശ്രവണം കര്‍ണ്ണരസമായോ അല്ലെങ്കില്‍ ആ സമയത്തെ ഒരു ആശ്വാസത്തിനോ സ്വീകരിക്കുന്നവരായിരിക്കും ഒന്നാം പടവില്‍ നില്‍ക്കുന്നവര്‍. അവര്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ വളരെ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെടും. നല്ല ആശ്വാസം അനുഭവിക്കുകയും ചെയ്യും. പക്ഷേ അവര്‍ അത് അവിടെത്തന്നെ ഉപേക്ഷിച്ചിട്ടു പോകും. പിന്നീട് ആ കാര്യം സ്മരിക്കുകയോ വിശകലനം ചെയ്യുകയോ ഇല്ല. രണ്ടാമത്തെ കൂട്ടര്‍ കേള്‍ക്കുന്ന അറിവിനെ ബുദ്ധിയില്‍ നിറക്കുകയും പിന്നീട് മനനം ചെയ്ത് ആ അറിവില്‍ നിന്നും കൂടുതല്‍ നൂതനമായ അറിവുകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നവരാണ്. അതിനാല്‍ അവര്‍ വ്യര്‍ത്ഥമായ കാര്യങ്ങള്‍ മനനം ചെയ്യുന്നതില്‍ നിന്നും രക്ഷ നേടുന്നു. പക്ഷേ ആ അറിവ് തന്‍റെ സ്വരൂപത്തിലേക്ക് പകര്‍ത്തി മനസാ വാചാ കര്‍മ്മണാ അപ്രകാരം ആയിത്തീരുന്നതില്‍ അവര്‍ പരാചിതരായിരിക്കും. മൂന്നാമത്തെ വിഭാഗത്തിലുള്ളവര്‍ ജ്ഞാന പ്രകാശം കൊണ്ട് അന്ധകാരത്തെ സംഹരിക്കുന്നവരായിരിക്കും. കാതിലൂടെ അകത്തേക്കു കയറിയ ജ്ഞാനം കര്‍മ്മങ്ങളിലൂടെ പുറത്തേക്ക് ഒഴുക്കുന്നവരായിരിക്കും. അവരുടെ ജീവിതത്തില്‍ അബദ്ധങ്ങളോ തെറ്റുകുറ്റങ്ങളോ പൊതുവേ സംഭവിക്കാറില്ല. അഥവാ സംഭവിച്ചാല്‍തന്നെ അതില്‍ നിന്ന് ഒരു പാഠം പഠിച്ച് തിരുത്തുവാനും പുതിയൊരു അനുഭവജ്ഞാനം സ്വായത്തമാക്കുവാനും അവര്‍ തയ്യാറായിരിക്കും. ജ്ഞാനസ്വരൂപരായ അവരെ അഴുക്കുകള്‍ സ്പര്‍ശിക്കുകയുമില്ല. ഇനി ചിന്തിക്കേണ്ടത് ഞാന്‍ ഇതില്‍ ഏത് വിഭാഗത്തിലാണ് എന്നതാണ്. സ്വായത്തമാക്കുവാനുളള ശക്തി പ്രഥമ ശക്തിയാണ്. അതില്‍ പിഴവുകള്‍ ബാധിക്കുന്നവര്‍ക്ക് സര്‍വ്വശക്തി സ്വരൂപത്തിലേക്ക് ഉയരുക ബുദ്ധിമുട്ടായിരിക്കും.

Scroll to Top