ലേഖനങ്ങൾ

മനോനിയന്ത്രണ ശക്തി

എഴുന്നള്ളിപ്പിനായി ഒരുങ്ങി നില്‍ക്കുന്ന ആനയെ ഭക്തജനങ്ങള്‍ അടുത്തു ചെന്ന് തൊഴുതു വണങ്ങുകയും തൊട്ടു തലോടുകയും ചെയ്യുന്നത് നമ്മള്‍ പൊതുവേ കാണാറുണ്ട്. ഈശ്വരതുല്ല്യം ആനയെ കാണുന്നവരുമുണ്ട് എന്നാല്‍ ഒരു കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടാല്‍ ഇക്കൂട്ടര്‍ ഓടുന്നതു നമ്മള്‍ കാണേണ്ടിവരും. ഒന്നിനോട് പ്രേമഭക്തി മറ്റൊന്നിനെ ഭയം. ഈ രണ്ട് ആനകളും തമ്മില്‍ എന്താണ് അന്തരം. നാട്ടിലെ ആനകള്‍ പാപ്പാന്‍റെ നിയന്ത്രണത്തിലാണ് എന്നതു തന്നെയല്ലേ. നിയന്ത്രണം സിദ്ധിച്ച മനസിന് എന്തു മഹത്വമാണുള്ളതെന്ന് ഈ ഉദാഹരണത്തില്‍ നിന്ന് മനസിലായിക്കാണുമെന്ന് കരുതുന്നു. അതിവേഗത്തില്‍ ചീറിപ്പായുന്ന ഒരു വാഹനത്തിന് അതിശക്തമായ ഒരു ബ്രേക്ക് ആവശ്യമായിരിക്കുന്നതു പോലെ ലോകത്തിലെ ഏറ്റവും വേഗതകൂടിയ വാഹനമായ മനസിന് നിയന്ത്രണം ആവശ്യം തന്നെയാണ്. സ്വപ്നങ്ങളേയും പദ്ധതികളേയും പ്രതീക്ഷകളേയും വഹിച്ചുകൊണ്ട് അതിവേഗത്തില്‍ ഈ മനസെന്ന വാഹനം കുതിക്കുമ്പോള്‍ വേഗതാ പരിധികൂടി ഒന്നു തീരുമാനിച്ചിട്ട് ഓടിയാല്‍ നല്ലത്. അല്ലെങ്കില്‍ ആ നെട്ടോട്ടത്തില്‍ ജീവിതത്തിലെ കാതലായ പല മൂല്ല്യങ്ങളും തെറിച്ചുപോകുവാന്‍ സാധ്യതയുണ്ട്. ഈ ഇലക്ട്രോണിക് യൂഗത്തില്‍ മനുഷ്യന്‍റെ മനസിന് വേഗത കൂടുകയും എന്നാല്‍ ബ്രേക്ക് ഇല്ലാതാവുകയും ചെയ്തതിനാല്‍ ജീവിതപ്പെരുവഴിയില്‍ ദുരന്തങ്ങള്‍ കൂടുന്നു. അക്രമങ്ങളും ആത്മഹത്യകളും പെരുകുന്നു. വിമാനം പറത്തുന്ന ഒരു പൈലറ്റിന് അതിനെ ആകാശത്ത് സഞ്ചരിപ്പിക്കാന്‍ എളുപ്പമാണത്രെ. പക്ഷെ ഉയര്‍ത്താനും നിലത്തേക്ക് തിരിച്ചിറക്കാനുമാണ് കഴിവ് കൂടുതല്‍ വേണ്ടത്. അതുപോലെ നമുക്ക് സ്വപ്നങ്ങള്‍ മെനയാനും നേട്ടങ്ങള്‍ക്കായി ഓടാനും കഴിവ് കൂടിപ്പോയി്. പക്ഷേ ആവശ്യമുള്ളിടത്ത് ഒന്നു നിര്‍ത്താന്‍ നമുക്ക് സാധിക്കുന്നുണ്ടോ. സ്വന്തം കുട്ടികളുടെ മുമ്പില്‍ പോലും ഞാന്‍ വളരെ ബിസിയാണെന്ന് കാണിക്കുന്നവര്‍ ഇപ്പോള്‍ പെരുകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒരു സ്റ്റേഷനിലും നിര്‍ത്താതെ ഓടുന്ന ഒരു ട്രൈയിന്‍ പോലെ എന്തിനോ വേണ്ടി ഓടുന്ന പാഴ്വേലയായോ മനുഷ്യ ജന്‍മം.മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന പലരും പറയാറുണ്ട്, നിര്‍ത്തണം എന്നാഗ്രഹിക്കുന്നുണ്ട് പക്ഷേ നടക്കുന്നില്ല എന്ന്. അതുപോലെ മുന്‍കോപികള്‍ പലപ്പോഴും അത് നിയന്ത്രിക്കാന്‍ നോക്കാറുണ്ട്. പക്ഷേ പരാജയപ്പെടുന്നു. ബോധപൂര്‍വ്വം തുടങ്ങിയ പല ശീലങ്ങളും പിന്നീട് ഓട്ടോമാറ്റിക് മോഡില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പിന്നീടൊരു പരിവര്‍ത്തനം കഠിനമായിരിക്കും.നമ്മുടെ നിയന്ത്രണത്തിനും അതീതമായി നമ്മള്‍ പ്രവര്‍ത്തിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ ഘട്ടത്തിലാണ് എന്നാണര്‍ത്ഥം. ഇതിനൊരു പരിഹാരം നിര്‍ദ്ധേശിക്കട്ടെ, ബോധപൂര്‍വ്വമല്ലാതെ അറിയാതെ ചെയ്തുപോവുന്ന ഈ തെറ്റുകളെക്കുറിച്ച് ആദ്യം ബോധവാനാകൂ. അതായത് അമിതമായി സംസാരിക്കുന്ന ഒരു ശീലം താങ്കള്‍ക്ക് ഉണ്ടെന്നിരിക്കട്ടെ. പലപ്പോഴും സംസാരിച്ച ശേഷം അത് താങ്കള്‍ക്കുതന്നെ ഫീല്‍ ചെയ്യാറുണ്ടെന്നിരിക്കട്ടെ. എങ്കില്‍ ആദ്യം ഇതു ചെയ്യൂ. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ അമിതമാകുന്നുണ്ട് എന്ന ബോധത്തോടെ സംസാരിക്കുക. ഈ ഘട്ടത്തില്‍ തിരുത്തുവാനൊന്നും ശ്രമിക്കേണ്ടതില്ല. കേവലം അത് നോട്ട് ചെയ്യുക, അത്രമാത്രം. ഈ ശീലം തുടരുക. സാവകാശം താങ്കളുടെ ആന്തരീക തലത്തില്‍ ഒരു തയ്യാറെടുപ്പ് ആരംഭിക്കും. പിന്നെ നിങ്ങളറിയാതെത്തന്നെ ഒരു ഓട്ടോമാറ്റിക് ബ്രേക്ക് നിങ്ങളുടെ നാവില്‍ പ്രവര്‍ത്തനമാരംഭിക്കും. അങ്ങനെ നിയന്ത്രണം സാധ്യമാകും. ഇതുപോലെ പലകാര്യങ്ങളും നേടിയെടുക്കാവുന്നതാണ്. ഓര്‍ക്കുക ബലപ്രയോഗത്തിലൂടെ നിങ്ങള്‍ എന്ത് മാറ്റം കൊണ്ടുവന്നാലും അത് അല്‍പ്പകാലം മാത്രമേ നടപ്പിലാവൂ…ബോധ്യപ്പെട്ട് നിയന്ത്രിക്കുന്നതെല്ലാം നിത്യവും നിലനില്‍ക്കും.

Scroll to Top